Aug 21, 2010

റമദാന്‍ - ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങള്‍, ഭക്ഷണക്രമീകരണങ്ങള്‍

നോമ്പനുഷ്ഠിക്കുക, ആരോഗ്യം നേടാം - നബി വചനം




മാസങ്ങളായി തുടരുന്ന ജീതിതക്രമത്തില്‍ നിന്ന് പൊടുന്നനെ ഒരു മാറ്റമാണ് റമസാന്‍ കാലത്ത്. മനസും ശരീരവും ഒരേപ്രകാരം പങ്കുചേരുന്ന ആരാധനാ കര്‍മ്മമായാണ് നോമ്പ് കാലം വിശേഷിക്കപ്പെടുന്നത്. കേള്‍വിയേയും കാഴ്ച്ചയേയും ചിന്തകളേയും പ്രവൃത്തികളേയും പുനക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയാണ് റമസാന്‍ വ്രതം. ഇക്കാലത്ത് ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങള്‍, ഭക്ഷണക്രമീകരണങ്ങള്‍ എന്നിവ ഏതെല്ലാമാണെന്നു നോക്കാം.


നേട്ടങ്ങളുടെ ഉപവാസം


ആരോഗ്യശാസ്ത്രപ്രകാരം, ശാരീരികമായ മിക്ക രോഗങ്ങള്‍ക്കും പ്രധാന പരിഹാരമാര്‍ഗ്ഗമായ ആമാശയ ശുദ്ധീകരണത്തിനും ദഹനേന്ദ്രിയ വിശ്രമത്തിനും ശാരീരിക സന്തുലിതാകസ്ഥയുടെ ക്രമീകരണത്തിനും ഉപവാസം വഴിയൊരുക്കും. ഉപവാസംകൊണ്ട് ആത്മീയ ഗുണങ്ങള്‍ മാത്രമല്ല, ഭൌതീകനേട്ടങ്ങളും ഉണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ ഉപവാസത്തിന്‍റെ സ്ഥാനം പ്രധാനമാണ്.


തുടര്‍ച്ചയായി 12 മണിക്കൂറിലധികം പരിപൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കുന്ന ആളുടെ ആമാശയത്തിലെ സൂക്ഷ്മസിരാ സന്ധികള്‍ ഭേദിക്കുകയും അസിറ്റോണിനു സമമായ ഒരു രാസപദാര്‍ത്ഥം ഉണ്ടായി, അതു രക്തത്തില്‍ വ്യാപിക്കുകയും ചെയ്യുന്നൂ എന്ന് വൈദ്യശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിട്ടുണ്ട്. ഈ രാസപദാര്‍ത്ഥം ദഹനക്കേട്, കുടലിനുണ്ടാകുന്ന വ്രണം, അതിസാരം തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കും.


മനസില്‍ വിരിയുന്ന സന്തോഷം


മനസ്സിനെ പ്രഭാതം മുതല്‍ പ്രദോഷം വരെ സുക്ഷ്മമായി നിയന്ത്രിക്കുന്ന റമസാന്‍ മാസത്തില്‍ ഭക്ഷണം ഉപേക്ഷിക്കുന്നതോടെ അന്ന പഥത്തിനു പരിപൂര്‍ണ്ണവിശ്രമം കിട്ടുന്നതിനാല്‍ കാമക്രോധ ഈര്‍ഷ്യകള്‍ കുറയും. വാക്കുകള്‍കൊണ്ടും മനസ്സുകൊണ്ടുമുള്ള തെറ്റായ പ്രവൃത്തികള്‍ ഉപേക്ഷിക്കുക വഴി മാനസീകാരോഗ്യം വര്‍ധിക്കും. എല്ലാ മതങ്ങളും വ്രതാനുഷ്ഠാനങ്ങളേ വാഴ്ത്തുന്നുണ്ട്. ആയുര്‍വേദശാസ്ത്ര പ്രകാരം ഇത് മരുന്നുകൂടാതെയുള്ള ചികിത്സയാണ്. അര്‍ശസ്, അമിതവണ്ണം, ത്വക്ക് രോഗങ്ങള്‍, അടിക്കടിയുള്ള ജലദോഷം, മലബന്ധം, വയറുവേദന തുടങ്ങീ പല രോഗങ്ങള്‍ക്കും ഇതു നിഷ്കര്‍ഷിക്കപ്പെടുന്നൂ.


ഭക്ഷണത്തിലെ നിയന്ത്രണങ്ങള്‍


വ്രതാനുഷ്ഠാന കാലത്ത് ചിട്ടയായ ആഹാര ക്രമം വേണം. വ്രതത്തിന്‍റെ തുടക്കവും ഒടുക്കവും ലഘുഭക്ഷണമാണു വേണ്ടത്. അജീര്‍ണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീന്‍, പൊറോട്ട എന്നിവക്ക് പകരം ചോറ്, കഞ്ഞി, ചെറുപയര്‍, ചീര, മുരിങ്ങ, പച്ചക്കറികള്‍, ചെറുപഴം എന്നിവ കഴിക്കാം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, രാഗി, കുവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുക. പത്തിരിയാണ് നല്ലത്. ജ്യൂസ് കഴിക്കുന്നതിനേക്കാള്‍ പഴവര്‍ഗങ്ങള്‍ അതേ രൂപത്തില്‍തന്നെ കഴിക്കുന്നതാണ് നല്ലത്.


നോമ്പിന്‍റെ ഗുണം പൂര്‍ണമായികിട്ടാന്‍ സസ്യാഹാരി ആകുന്നതാണ് ഉചിതം. മത്സ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. രാത്രി അമിത ഭക്ഷണം ഒഴിവാക്കിയാല്‍ പിറ്റേദിവസം പകല്‍ സമയത്തെ ക്ഷീണം കുറയും. എണ്ണ ഭക്ഷണം കഴിച്ചാല്‍ ആമാശയ ശുദ്ധീകരണം നടക്കില്ല.


നോമ്പു തുറക്കാന്‍ കാരയ്ക്ക


അയണും കലോറീയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീര്‍ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ കല്‍ക്കണ്ടം ചേര്‍ത്ത തണുത്ത വെള്ളം കഴിക്കാം. കറുത്ത കസ്കസ് വെള്ളത്തിലിട്ടതും ആവാം. പഴച്ചാര്‍, ചെറുപയര്‍ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവ നല്ലതാണ്. എന്നാല്‍, നാരങ്ങവെള്ളം ഒഴിവാക്കാം. ഇതിനു ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞാവണം അടുത്ത ഭക്ഷണം. നോമ്പ് അവസാനിക്കുമ്പോള്‍ ആദ്യം കഴിക്കുന്ന ഭക്ഷണം പഴങ്ങള്‍ ആവാതിരിക്കുന്നതാണ് ഉത്തമം. ധാന്യാഹാരമാണ് ആദ്യം കഴിക്കാന്‍ നല്ലത്. കാരണം ഒഴിഞ്ഞിരിക്കുന്ന വയറിലേക്ക് ആദ്യം എത്തേണ്ടത് കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്. പഴങ്ങള്‍ കഴിക്കുമ്പോള്‍ എത്തുന്നത് അസിഡിക്ക് ഭക്ഷണങ്ങളാണ്.


രാത്രി ഭക്ഷണം ശ്രദ്ധിക്കണം


പത്തിരി, ദോശ, ഉഴുന്നുചേര്‍ത്ത് പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിക്കാം. ദീര്‍ഘനേരത്തേക്ക് അന്ന-പാനീയങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ആമാശയവും അന്നപഥത്തിലെ മറ്റ് അവയവങ്ങളും പൂര്‍ണ്ണവിശ്രമത്തിലായിരിക്കും. ഈ സമയത്ത് ദഹനപ്രക്രിയയ്ക്കു വേണ്ടത്ര ദഹനരസം ഉല്പാദിപ്പിക്കപ്പെടില്ല. അതിനാല്‍ എണ്ണ കൂടുതല്‍ അടങ്ങിയ പലഹാരങ്ങള്‍, ഇറച്ചി മുതലായവ കഴിച്ചാല്‍ ദഹനവ്യവസ്ഥ താറുമാറാകും, രോഗങ്ങള്‍ക്കിടയാവുകയും ചെയ്യും.


അതിരാവിലെ ഇറച്ചി വേണ്ട


പുലര്‍ച്ചക്കു മുമ്പായുള്ള അത്താഴ ഭക്ഷണത്തില്‍ ഇറച്ചി, മീന്‍, പൊറോട്ട, എണ്ണപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. അവ കൂടിയേ തീരൂ എന്നുള്ളവര്‍ രാത്രിഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക. അതിനു ശേഷം ചുക്കും, കുരുമുളകും, തിപ്പലിയും ചേര്‍ത്തു വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ ഇതിന്‍റെ ദോഷഫലം ഒരു പരിധിവരേ കുറക്കാം.


ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും (പ്രത്യേകിച്ച് കദളി, ചെങ്കദളി തുടങ്ങിയ ഔഷധഗുണമുള്ളവ), വേവിച്ച പച്ചകറികളും ഉള്‍പ്പെടുത്തുക.


നോമ്പ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഒരു ചായ കുടിക്കാം. പക്ഷേ, കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.


കടപ്പാട്: ചില പഴയ മാഗസീന്‍സ്

No comments:

Post a Comment

How to make hot processed virgin coconut oil at home

  ഹോട്ട് പ്രോസസ് ചെയ്ത വെർജിൻ വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ Ingredients: Coconut – 5 numbers Water – As neede...